Morning Inspira – 13.07.19

Uncategorized

🌅 MORNING INSPIRA….✍📆 13.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 11 = യിഫ്താഹ് അമോന്യരെ കീഴടക്കുന്നു.
➡ യെശയ്യാവ് (Isaiah) 1 = പാപത്തിൽ ജീവിക്കുന്ന യെഹൂദക്ക് മാനസാന്തരത്തിനുള്ള ആഹ്വാനം.
➡ മർക്കൊസ് (Mark) 12: 13 – 17 = കൈസർക്കുള്ളതും കർത്താവിനുള്ളതും.
➡ ഫിലിപ്പിയർ (Philippians) 1: 12 – 26 = ജീവിക്കുന്നത് ക്രിസ്തു.

🎯 വാളുകളായി തീരുന്ന വാക്കുകൾ

യിസ്രായേലിലെ ന്യായാധിപന്മാരിൽ ഏറെ ശ്രദ്ധേയനാകുകയും അവർക്ക് പുതിയൊരു ആചാരം സംഭാവന ചെയ്യുകയും ചെയ്ത വ്യക്തിയാണ് യിഫ്താഹ്. വേശ്യപുത്രനായി ജനിച്ചെങ്കിലും വീര്യംകൊണ്ട് ന്യായാധിപനായി തീർന്ന അദ്ദേഹം യിസ്രായേലിന്റെ ശത്രുക്കളായ അമോന്യർക്കുനേരെ യുദ്ധത്തിനുപോകുമ്പോൾ യഹോവയോടു “നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും” (ന്യായാധിപന്മാർ 11:30-31) എന്ന് നേർച്ച നേർന്നു.
ആ യുദ്ധത്തിൽ ദൈവം യിസ്രായേലിനു വലിയവിജയം നല്കി. വിജയശ്രീലാളിതനായി യിഫ്താഹ് തന്റെ ഭവനത്തോട് അടുക്കവെ അദ്ദേഹത്തിന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവന്നു. അമോന്യർ പരാജയപ്പെട്ട് കിടക്കുന്നതു കണ്ട് വിടർന്ന കണ്ണുകൾ മകൾ എതിരേറ്റുവരുന്ന ആ കാഴ്ച്ചയിൽ കലങ്ങി, കൈകൾ കൊണ്ടവൻ വസ്ത്രം വലിച്ചുകീറി, ഒരുനിമിഷം അമ്മോന്യരോടു തോറ്റെങ്കിൽ നന്നായിരുന്നു എന്ന് അവന് തോന്നിപ്പോയി (വാ 34,35).
പ്രിയരെ, പരിശുദ്ധാത്മാവ് തന്നിൽ വന്ന് ശക്തിയും പ്രചോദനവും നല്കിയപ്പോഴാണ് യിഫ്താഹ് യുദ്ധത്തിനായി ഇറങ്ങുന്നത് (വാ 29). യഹോവയുടെ ആത്മാവ് കൂടെയുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണ് എന്ന് വിശ്വസിക്കാതെ ഒരു നേർച്ച കൂടെ അതിന് അനിവാര്യമെന്ന് യിഫ്താഹ് കരുതിയപ്പോൾ അവിടെ കുറഞ്ഞത് അവന്റെ വിശ്വാസമാണ്, പെരുകിയത് സ്വന്ത വിവേകമാണ്. ആ വിവേകത്തിലവൻ താൻ തിരികെ എത്തുമ്പോൾ ഒരു മൃഗമായിരിക്കും തന്നെ എതിരേല്ക്കുന്നതെന്ന് നിർണയിച്ചു, അതിനെ യാഗം കഴിക്കാം എന്നും നേർന്നു. ആ വാക്ക് അവനൊരു വാളായി തീർന്നു.
ഓർക്കുക ക്രിസ്തീയ ജീവിതം വിവേകത്തിലല്ല വിശ്വാസത്തിൽ അധിഷ്ടിതമാണ്. നേർച്ചകൾ നല്ലതാണ് പക്ഷെ നേരുന്നതിനു മുമ്പ് ഒരു കാര്യം ഉറപ്പുവരുത്തുക ഇന്നലെയും നാളെയും നമ്മുടെതല്ല ഇന്നുമാത്രമാണ് ഇപ്പോളുള്ള ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തം. അതുകൊണ്ട് നമുക്കുള്ളതുവെച്ച് നേരുക, ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മെ മാത്രം നേരുക. സ്വന്ത വിവേകത്തിലാശ്രയിച്ച് നേരരുത് അത് ഒരു വാളായി തീരാനുള്ള സകലസാധ്യതകളുമുണ്ട്.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794