യുവാക്കൾ നാളെയുടെ വാഗ്ദാനങ്ങളല്ല; ഇന്നിന്റെ പ്രതീക്ഷകളാണ്…

Malayalam, Song, ലേഖനങ്ങൾ

നാം സാധാരണയായി കേട്ടുവരാറുള്ള ഒരു പ്രയോഗമാണ് യുവാക്കൾ നാളെയുടെ വാഗ്ദാനങ്ങളാണ് എന്നുള്ളത്. പലപ്പോഴും അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കിത്തന്നെ മാറ്റിനിർത്തി ഇന്ന് ആത്മീയമായി പ്രയോജനപ്പെടുത്താത്ത/പ്രയോജനപ്പെടാത്ത ഒരു പ്രവണതയും നമുക്കുചുറ്റും കാണാനാകും.

യൗവനത്തിലെ ഊർജ്ജസ്വലതയും കർമ്മനിരതമായ മനസും ശരീരവും ഗ്രഹണ ഗ്രാഹ്യ ഓർമ്മ ശക്തിയും ഒന്ന് വേറെ തന്നെയാണ്. ഏറ്റവും അപ്ഡേറ്റ് ആയിരിക്കാൻ പറ്റിയ സമയം. യുവശക്തി എവിടെയെങ്കിലും കത്തിത്തീരും എന്നതിൽ സംശയമില്ല. എന്നാലത് ദൈവത്തിനായും ദൈവസഭക്കായും ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായും മറ്റും പ്രയോജനപ്പെടുന്നുണ്ടോ എന്നതാണ് കാര്യം.

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ നമ്മെ ഉദ്ബോധിപ്പിക്കുന്നത് ശ്രദ്ധിക്കുക, *”നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്” * (സദൃശ്യവാക്യങ്ങൾ 5: 9). അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞുവെന്നു പറയാതിരിക്കാൻ നമുക്ക് കരുതലോടെയിരിക്കാം. ഒരേയൊരു ജീവിതം, അത് ദൈവത്തിനായി എരിഞ്ഞടക്കാം.

പൗലോസ്, യുവാവും വിശ്വാസത്തിൽ തന്റെ നിജപുത്രനുമായ തിമെഥെയോസിനെ പ്രബോധിപ്പിക്കുന്നത് ഇവിടെ ചിന്തനാർഹമാണ്. “ആരും നിന്റെ യൗവനം തുച്ച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക” (1 തിമൊഥെയോസ് 4: 12). അപവാദിക്ക് ഒരു തിന്മയും കളവായി പറയാൻ പോലുമില്ലാത്ത മാതൃകാ ജീവിതം നയിക്കാനായാൽ ദൈവം നമ്മെ ഉപയോഗിക്കും, തീർച്ച. സങ്കീർത്തനം 103: 5 ൽ വായിക്കുന്നതുപോലെ നമ്മുടെ യൗവനം കഴുകനെപ്പോലെ പുതുക്കിവരത്തക്കവണ്ണം ജീവിതത്തെ ക്രമീകരിക്കുവാൻ കർത്താവു കൃപ ചെയ്യട്ടെ.

ദൈവത്തിന്റെ അതേ ഗുണവിശേഷങ്ങളാൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തിയാൽ തന്റെ യൗവനം എങ്ങനേയും ജീവിക്കുവാനുള്ള സ്വാതന്ത്ര്യം കല്പിക്കപ്പെടുന്നുണ്ട്. എന്നാൽ സഭാപ്രസംഗി നൽകുന്ന ഭയനിർദ്ദേശം ശ്രദ്ധിക്കപ്പെടാതെ പോകരുത്. “യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്ക് ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്ക് വരുത്തും എന്നറിയുക (സഭാപ്രസംഗി 11: 9, 10)”. ദൈവത്തിന് നമ്മോട് ചോദിക്കാനുള്ളത് *”ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? *(യെഹെസ്കേൽ 22: 14)” എന്നതാണ്‌. നമ്മുടെ ജീവിതത്തെ നമുക്ക് പുനർവിചിന്തനം ചെയ്യാം.

സൂര്യന് കീഴെ നടക്കുന്ന സകല കാര്യങ്ങളും ആരാഞ്ഞു കണ്ട് മനസിലാക്കിയ സഭാപ്രസംഗി ഒടുവിലെ അദ്ധ്യായത്തിൽ കുറിക്കുന്ന ചില വാക്യങ്ങൾ മൊഴിമുത്തുകളാണ്. “നിന്റെ യൗവനകാലത്തു നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക” (സഭാപ്രസംഗി 12: 1). സൃഷ്ടാവിനെ ഓർത്തുകൊള്ളുന്നവർക്കേ സൃഷ്ടാവിന് തന്നെക്കുറിച്ചുള്ള പ്ലാനുകളും പദ്ധതികളും മനസിലാക്കി സൃഷ്ടാവിന്റെ ഹിതപ്രകാരം സൃഷ്ടാവിനെ പ്രസാദിപ്പിച്ചു ജീവിക്കാനാവൂ. സഭാപ്രസംഗി ഒടുവിലായി എല്ലാവർക്കും വേണ്ട ജീവിതസാരാംശത്തെ കുറിക്കുന്നത് കുറിക്കൊണ്ടാൽ ജീവിതം സമ്പുഷ്ടമാകും. “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ” * (സഭാപ്രസംഗി 12: 13, 14). ഈ യൗവനകാലത്തിൽ ദൈവം നമുക്ക് തന്നിട്ടുള്ള താലന്തുകളും കൃപാവരങ്ങളും, സമയവും ധനവും, മറ്റെല്ലാ അനുബന്ധ സൗകര്യസജ്ജീകരണങ്ങളും ദൈവനാമമഹത്വത്തിനായി ദൈവത്തിനായി ചിലവിടാം. നാം മൂലം നമ്മുടെ ജീവിതവും കുടുംബവും നമ്മുടെ സഭയും സമൂഹവും അനുഗ്രഹിക്കപ്പെടട്ടെ. *അങ്ങനെ നമുക്ക് ഇന്നിന്റെ പ്രതീക്ഷകളായി മാറാം. ദൈവം അനുഗ്രഹിക്കട്ടെ.

(മാത്യു പ്രസാദ്)