വിശ്വാസിയും സ്വവര്‍ഗ്ഗ വിവാഹവും

ലേഖനങ്ങൾ

സമ്പന്നതയുടെയും സാങ്കേതികതയുടെയും മികവില്‍ ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗബന്ധം നിയമപരമാക്കിയിരിക്കുന്നു. അവിടെയുള്ള ചില ക്രിസ്തീയ സമൂഹങ്ങളും അത് പൂര്‍ണ്ണ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. സ്വവര്‍ഗ്ഗ വിവാഹം കോടതി നിയമപരാമായി പ്രഖ്യാപിച്ചു എന്നതാണ് വാര്‍ത്ത. എന്നാല്‍ അത് ഒരു വിവാഹമല്ല. വിവാഹം എന്നത് ദൈവകല്പിതവും, സ്ത്രീയും പുരുഷനും തമ്മില്‍ ഉള്ള ഉടമ്പടിയും ജീവിതവുമാണ്. ക്രിസ്തീയ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്ക അനുവദിച്ചിരിക്കുന്നത് സ്വവര്‍ഗ്ഗാനുരാഗ ബന്ധം/ സ്വവര്‍ഗ്ഗ രതി ആണ്.

കുറച്ചു കൂടി വേദപുസ്ത്കപരമായി പറഞ്ഞാല്‍ സോദോമ്യ പാപം. റോമര്‍ 1:24-28 വാക്യങ്ങളില്‍ ഇത് ദൈവത്തിനു അനിഷ്ടമെന്നും, ദൈവം നികൃഷ്ടമായി കാണുന്നുവെന്നും വ്യക്തമാക്കുന്നു. സ്വര്‍ഗ്ഗ രതി സോദോമിനെ ദൈവം ന്യായം വിധിക്കാന്‍ മുഖാന്തരമായെങ്കില്‍ അമേരിക്കയ്ക്കും അത് സംഭവിക്കും. സ്വവര്‍ഗ്ഗ രതിയെ യേശു അനുകൂലിക്കും എന്ന ചില അമേരിക്കക്കാരുടെ പ്രസ്താവനകള്‍ തികച്ചും അജ്ഞതയുടെ വാക്കുകള്‍ മാത്രം.

featured-gay

സോദോം ഗോമോരയില്‍ പാര്‍ത്ത നീതിമാനായിരുന്ന ലോത്തിനെയും മക്കളെയും അവിടുത്തെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചതു പോലെ, അമേരിക്കയിലുള്ള ദൈവമക്കള്‍ക്കും സംഭവിക്കാം. അതിനു സാധ്യത വളരെ അധികമാണ്.

“ അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മ പ്രവര്‍ത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സില്‍ നൊന്ത് ദുഷ്കാമാവൃത്തിയാല്‍ വലഞ്ഞുപോയ നീതിമാനായ ലോത്ത്” ( 2 .പത്രോ. 2:7,8).

സോദോം തന്റെ മക്കളുടെ ആത്മീകവും ധാര്‍മ്മികവും സദാചാരപരവുമായ ജീവിതത്തെ തകിടം മറിക്കുമെന്ന്‍ കണ്ടിട്ടും, ലോകത്തിലെ സ്ഥാനമാനങ്ങളെയും സമ്പത്തിനെയും മുമ്പില്‍ കണ്ട് ലോത്ത് അവിടെ തങ്ങിയപ്പോള്‍, തന്റെ മക്കള്‍ മാനസികമായും ആത്മീകമായും സദാചാരപരമായും തകര്‍ന്നു ദുഷ്കാമാബാധിതരായി എന്ന സത്യം മനസിലാക്കാനാകാതെ പോയി. സ്വന്തം പിതാവിനോടൊത്ത് കിടക്ക പങ്കിടത്തക്കവണ്ണം അത് ഗുരുതരമായിരുന്നു. ഒരു കുടുംബത്തിന്റെ തകര്‍ച്ചയും ശപിക്കപ്പെട്ട രണ്ട് ജാതികളുടെ ഉത്ഭവവും തനിക്കു കാണേണ്ടി വന്നു.

സോദോം ഗോമോറയെ സന്ദര്‍ശിച്ച ദൈവം അതെ പാപം നിയമപരമായി പ്രഖ്യാപിച്ച അമേരിക്കയെ സന്ദര്‍ശിക്കാതിരിക്കില്ല. അതിനു താമസം വരുത്തുന്നത് അവിടെയുള്ള ഭക്തരായ ചില വിശ്വാസികളുടെ ജീവിതം നിമിത്തമത്രേ. നീതിമാനായ ലോത്തിന് സംഭവിച്ചത് പോലെ ശാപകരമായത് സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യമുണ്ട്.

വിട്ടു പോകുവിന്‍ എന്ന ശബ്ദം കാതില്‍ മുഴങ്ങുന്നെങ്കില്‍, മക്കളുടെ ആത്മീക ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് തോന്നുന്നെങ്കില്‍, സമ്പത്തിനെയും സ്ഥാനമാനത്തെയും പ്രതി അവിടെ തന്നെ തുടര്‍ന്നാല്‍ കണ്ണുനീരോടെ സമ്പാദ്യമെല്ലാം ഉപേക്ഷിച്ചു പോകേണ്ടിവരും.

അമേരിക്കയില്‍ മാത്രമല്ല, നാളെ ലോകമെങ്ങും ഈ ദുഷ്കര്‍മ്മം നിയമപരമായി അനുവദിക്കപ്പെടാം. ഇന്ത്യയിലും. ദൈവിക പദ്ധതി നമ്മുടെ മക്കള്‍ക്ക് ബാല്യത്തില്‍ തന്നെ പറഞ്ഞു കൊടുക്കാം. വഷളത്വം പെരുകുന്ന ലോകത്തില്‍ വിജയകരമായി ജീവിക്കാന്‍ ദൈവകൃപയില്‍ ആശ്രയിച്ച് ഉല്‍സാഹിപ്പിക്കാം.

വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം. അതാണ്‌ ദൈവ പ്രമാണം. ദൈവം അംഗീകരിക്കുന്ന വിവാഹം. ഇവിടെ രാജ്യമോ സഭയോ അംഗീകരിച്ചു എന്ന കാരണത്താല്‍ ദൈവം അംഗീകരിക്കില്ല. മാരകമായ പല രോഗങ്ങളും അത് വിളിച്ചു വരുത്തും. വിവാഹ പുര്‍വ്വ ലൈംഗികതയും, വിവാഹേതര ലൈംഗികതയും, സ്വവര്‍ഗ്ഗ രതിയും ദൈവം ശിക്ഷിക്കാവുന്ന പാപമാണ്. അതില്‍ വിശ്വാസികള്‍ അകപ്പെടാതെ തന്നെത്താന്‍ സൂക്ഷിക്കണം.

[സനീഷ് ചെറിയാന്‍]