ജീവിതത്തെ നേരിടാനുള്ള ഉൾക്കരുത്ത്

നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതല്ല, അതിനോടുള്ള പ്രതികരണം എങ്ങനെ ആയിരിക്കണം എന്നതാണ് പ്രധാനം. ജീവിത സമ്മര്‍ദ്ദങ്ങളെ നേരിടുമ്പോഴും നമ്മുടെ പ്രതികരണം അതിജീവനത്തിനു പ്രധാന പങ്കുവഹിക്കുന്നു.

സമ്മർദ്ദങ്ങളും പ്രതിസന്ധികളും നേരിടാത്ത മനുഷ്യരില്ല. സമ്മർദം വളരെ വക്തിപരമായ അനുഭവമാണ്. അതിനാൽ ഓരോരുത്തരിലും സമ്മർദം ഏൽപ്പിക്കുന്ന ആഘാതവും വ്യത്യസ്തമാണ്. ഒരാൾക്കു മനസികസമ്മർദ്ദമുണ്ടാക്കുന്ന ഒരു കാര്യം മറ്റൊരാളിനു സംഭവിച്ചാൽ അതെ അളവിൽ സംഘർഷമുണ്ടാകണമെന്നില്ല. സംഘർഷമുണ്ടാക്കുന്ന പ്രതിസന്ധികളെ നേരിടുന്ന മനോഭാവമാണ് പ്രധാനം. മാനസിക സംഘര്ഷമുണ്ടാകുമ്പോൾ ‘സ്വയം ആജ്ഞാപിച്ച് മനസിനെ നിയന്ത്രിക്കാൻ ശക്തി ആർജിക്കുക.’ ഏതു പ്രശ്നം ഉണ്ടായാലും പരമാവധി സംഭവിക്കാൻ പോകുന്നത് ഇത്രയേയുള്ളു എന്നു ചിന്തിച്ചാൽ തന്നെ ഒരു പരിധി വരെ പ്രശ്നങ്ങളെ ജയിക്കാൻ സാധിക്കും.

നമ്മുടെ ജീവതത്തില്‍ സംഭവിക്കുന്ന പല ദുരന്തങ്ങളെയും ദുരിതങ്ങളെയും ലഘൂകരിക്കാൻ നമുക്ക് സാദ്ധ്യമല്ലെന്ന് വരാം. എന്നാല്‍ അവയോടുള്ള പ്രതികരണത്തെ നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയും. മറ്റുള്ളവരുടെ പ്രതികാരത്തിനും ദ്രോഹങ്ങൾക്കും ചതിക്കും എല്ലാം നാം ബലിയാടുകള്‍ ആയിത്തീർന്നേക്കാം. എന്നാല്‍ അവ നമ്മുടെ ആത്മധൈര്യത്തെ കെടുത്തുന്ന പക്ഷം മനസ്സില്‍ ഉണ്ടാകുന്ന തകർച്ചയോടൊപ്പം ശരീരത്തിന്റെ സ്വസ്ഥതയും തകർന്നു പോകും. ജീവിതത്തിലെ ദുരന്തങ്ങളുടെ നേരെ തല ഉയർത്തിപ്പിടിക്കുവാന്‍ കഴിയാത്തത് മൂലം ആരോഗ്യം നശിച്ചിട്ടുള്ള അനവധി ആളുകളെ നമുക്ക് കാണാന്‍ കഴിയും.

നമ്മെ ആരെങ്കിലും ദ്രോഹിക്കുകയോ നമ്മോടു മര്യാദ ഇല്ലാതെ പെരുമാറുകയോ അപമാനിക്കുകയോ ചെയ്താല്‍ പെട്ടെന്നുള്ള പ്രതികരണം അവരോട് വെറുപ്പ്‌ തോന്നുക എന്നതാണ്. ആസിഡ് പോലെയാണ് പക അഥവാ വെറുപ്പ്‌. ദ്രവിപ്പിക്കല്‍ ആണ് ആസിഡിന്റെ സ്വഭാവം. മറ്റുള്ളവരോട് പകയും വെറുപ്പും ഉള്ളില്‍ ഒതുക്കി വെയ്ക്കുന്നവരുടെ ആരോഗ്യം ദ്രവിച്ചു പോകും. ജീവിതത്തോടുള്ള അനാരോഗ്യകരമായ പ്രതികരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ഡോകടർമാർ എത്ര ശ്രമിച്ചാലും മാറുകയില്ല.

ദുഖ അനുഭവങ്ങളോടുള്ള നമ്മുടെ പ്രതികരണം പല വിധത്തില്‍ ആണ്. നമ്മില്‍ പലരുടേയും ദുഖം നമ്മെപറ്റി തന്നെ ആയിരിക്കും. ഇങ്ങനെയുള്ളവര്‍ ഒറ്റപ്പെട്ടു തങ്ങളുടെ ദുഖത്തെ മടിയില്‍ വെച്ച് തലോലിക്കുന്നവര്‍ ആയിരിക്കും. എന്നാല്‍ സൂര്യന്‍ ഇന്നലെ ഉദിച്ചതുപോലെ ഇന്നും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ജീവിതചക്രം ഉരുണ്ടുകൊണ്ടേയിരിക്കും . ഈ യാഥാർത്ഥ്യം  മനസ്സിലാക്കികൊണ്ട് ജീവിതചക്രം ഉരുളുന്നതിനോടൊപ്പം നാം ഉരുണ്ടു നീങ്ങുകയാണ് വേണ്ടത്. ദുരന്ത അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റയ്ക്ക് ഒതുങ്ങി കൂടാതെ ഉത്സാഹത്തോടെ നമ്മുടെ ജോലിയില്‍ ഏർപ്പെടുക. ഇതിനുള്ള ശക്തി എവിടുന്നു ലഭിക്കും? ഈ ചോദ്യം നമ്മില്‍ പലരും ചോദിക്കുന്നതാണ് . മാനസിക സംഘർഷം ലഘൂകരിക്കാൻ പ്രാർത്ഥന വളരെ സഹായിക്കും.

“യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും, അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചുകയറും, അവർ തളർന്നു പോകാതെ ഓടുകയും ക്ഷിണിച്ചു പോകാതെ നടക്കുകയും ചെയ്യും” (യെശയ്യാ 40:31)

ദൈവത്തിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുന്നവര്ക്ക് മാത്രമേ ആ ശക്തി ലഭിക്കൂ. കേവലം ബാഹ്യമായ ഭക്തിയില്‍ നിന്ന് അത് ലഭിക്കയില്ല. ദൈവത്തോട് സജീവ ബന്ധം പുലർത്തുന്നവർക്കു ജീവിതത്തെ കരുത്തോടെ നേരിടാനുള്ള ഉൾക്കരുത്ത് ലഭിക്കുന്നു.

Close
Social profiles