Morning Inspira – 17.07.19

Uncategorized

🌅 MORNING INSPIRA….✍📆 17.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 15 = ഫെലിസ്ത്യരോടുള്ള ശിംശോന്റെ പ്രതികാരം
➡ യെശയ്യാവ് (Isaiah) 6 = യെശയ്യാവിന്റെ നിയോഗം.
➡ മർക്കൊസ് (Mark) 12: 41 – 44 = ഉപജീവനമിട്ട വിധവ.
➡ ഫിലിപ്പിയർ (Philippians) 2: 19 – 30 = തിമൊഥെയോസും എപ്പഫ്രോദിത്തോസും.

🎯 ഒറ്റപ്പെട്ടുപോയ ശിംശോൻ

ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം ഏകാന്തതയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം പിറന്ന കുഞ്ഞായതിനാൽ ജനനം മുതൽ ശിംശോൻ അനാഥത്വം അറിഞ്ഞിരുന്നേയില്ല. എന്നാൽ ശുഭദിനം സമ്മാനിക്കാതെ അലസിപ്പായ വിവാഹം അവനെ ഏകാന്തതയിലേക്ക് നയിച്ചു. മാതാപിതാക്കളെയും രാജ്യത്തെയും ധിക്കരിച്ച് താൻ ജീവിതം കൊടുക്കാൻ ഒരുങ്ങിയ പെൺകുട്ടി തന്നെ ചതിച്ചു എന്ന യാഥാർത്ഥ്യം അത്ര ആഴത്തിൽ അവനെ സ്പർശിച്ചിരുന്നു. ആ ദു:ഖനാളുകളിൽ നിന്ന് താൻ ആശ്വാസം കണ്ടെത്തിയതോടെ തന്റെ പ്രാണസഖിയെ തേടിയവൻ ഇറങ്ങി. പക്ഷെ അവിടെ അവനെ കാത്തിരുന്നത് അവൾ മറ്റൊരാളുടെതായി കഴിഞ്ഞിരിക്കുന്നു എന്ന സത്യമാണ്. നുരഞ്ഞുപൊങ്ങിയ ദേഷ്യത്തിലവൻ ഫെലിസ്ത്യരുടെ കൃഷി നശിപ്പിച്ചു. ഇതറിഞ്ഞ ഫെലിസ്ത്യർ ഇതിന്റെ കാരണക്കാരയവരെ (ശിംശോൻ വിവാഹം കഴിച്ച പെൺകുട്ടിയെയും പിതാവിനെയും) അഗ്നിക്ക് ഏല്പ്പിച്ചു. അതിൽ കുപിതനായ ശിംശോൻ ഫെലിസ്ത്യരെ ഉപദ്രവിച്ചു.
കൃഷിയും ആളുകളും നഷ്ടപ്പെട്ടതോടെ ഫെലിസ്ത്യരുടെ പക ഇരട്ടിയായി അവർ അവനെ കൊല്ലുവാനായി യെഹൂദയിൽ തടിച്ചുകൂടി. ഫെലിസത്യരെ കണ്ട് പേടിച്ച യിസ്രായേൽ അവരുടെ നേതാവായി വളർന്നുകൊണ്ടിരിക്കുന്ന ശിംശോന്റെ വലിപ്പം തിരിച്ചറിയാതെ, സംരക്ഷിക്കേണ്ട സ്ഥാനത്ത് അവനെ പിടിച്ചുകെട്ടി ശത്രുവിന് ഏല്പ്പിച്ചുകൊടുത്തു. അങ്ങനെ സ്വന്ത കുടുംബത്തിൽ നിന്നും ബന്ധുകുടുംബത്തിൽ നിന്നും സ്വന്തരാജ്യത്തിൽ നിന്നും ബന്ധുരാജ്യത്തിൽ നിന്നും ഒറ്റപ്പെട്ടവനായി യെരുശലേമിന്റെ തെരുവിലവൻ നിന്നു. എന്നാൽ എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും അവന്റെ സൃഷ്ടാവായ ദൈവം അവനെ ഒറ്റപ്പെടുത്തിയില്ല. അവിടുന്ന് തന്റെ ആത്മാവിനെ അയച്ച് അവന്റെ ബന്ധനങ്ങളെ ദ്രവിപ്പിച്ചുകളഞ്ഞ് ശത്രുക്കളെ നിർമൂലമാക്കാൻ ശക്തി പകർന്നു. പ്രിയരെ, ശിംശോന്റെ ദൈവം ഇന്നും ജീവിക്കുന്നു, ആരെല്ലാം നമ്മെ ഒറ്റപ്പെടുത്തിയാലും അവിടുന്ന് നമ്മോട് ചേർന്ന് നില്ക്കും നമ്മെ വിജയ ആഹ്ലാദം ചൂടിക്കും (ന്യായാധിപന്മാർ 15).

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794