ശിക്ഷണം എന്നാല്‍ ശിക്ഷയോ?

ലേഖനങ്ങൾ

ശിക്ഷണം ഒരു വ്യക്തിയെ / കുടുംബത്തെ നശിപ്പിക്കുന്നതിന് അല്ല. നശിപ്പിച്ചാല്‍ അത് മനുഷ്യാവകാശലംഘനവും ശിക്ഷാര്‍ഹമായ കുറ്റകൃത്യവും ഒരു വ്യക്തിയുടെ അടിസ്ഥാന മൌലീകാവശങ്ങളുടെ ലംഘനവുമാണ്.

the lord is my shepherd jesusശിക്ഷണവും ശിക്ഷയും ഒന്നല്ല. ശിക്ഷണത്തെ നമുക്ക് തിരുവെഴുത്തില്‍ വ്യക്തമായി കാണാം. ശിക്ഷണം ഒരു പിതാവ് മകന് നല്‍കുന്നതാണ്. അതിനു പിന്നിലെ ലക്ഷ്യം അവന്‍ നന്നായി വരണം എന്നതാണു. (എബ്രാ: 12: 7). അപ്പന്‍ മകനെ ബാലശിക്ഷ കഴിക്കുന്നു. ഈ ശിക്ഷണത്തില്‍ പ്രധാനമായും പ്രബോധനം, ഉപദേശം (1 തീമോ. 4:13), ശാസിക്കുക (1 തീമോ. 5:20), മാതൃകയായിരിക്കുക (1 തീമോ. 4:12). ഈ വിഷയങ്ങളുടെ ഒരു ക്രോഡീകൃത രൂപം 2 തീമോ 4:2ല്‍ കാണൂന്നു. സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടും കൂടെ ശാസിക്കുക, തര്‍ജ്ജനം ചെയ്യുക (rebuke), പ്രബോധിപ്പിക്കുക. സുവിശേഷകന്‍, മൂപ്പന്മാര്‍, ഉപദേഷ്ടാക്കന്‍മാര്‍ എന്നിവരെ സഭയില്‍ ആക്കിയിരിക്കുന്നതിന്റെ ലക്ഷ്യം ഇതാണ്. ശിക്ഷണം നല്കുക. ശിക്ഷിക്കുക അല്ല. ശിക്ഷിക്കാനുള്ള അധികാരം കര്‍ത്താവിന്നാണ്.

മൂപ്പന്മാര്‍ തെറ്റ് ചെയ്താലും സുവിശേഷകന്‍മാര്‍ തെറ്റ് ചെയ്താലും ശുശ്രൂഷകന്‍മാര്‍ തെറ്റ് ചെയ്താലും പ്രാരംഭ പടികള്‍ മുകളിൽ പറഞ്ഞവയാണ്. മുടക്കല്ല. മുടക്കാന്‍ ശുശ്രൂഷകന്മാരെ സഭയില്‍ ആക്കുന്നത് സഭയല്ല, കർത്താവാണ്. ആ ബോധ്യം ആണൂ നമുക്ക് ആദ്യം ഉണ്ടാവേണ്ടത്.

സഭയുടെ ആദ്യ മൂപ്പന്മാരിലൊരാളായിരുന്ന പത്രോസിനോട് ആടുകളെ പരിപാലിക്കുക, മേയ്ക്കുക എന്നാണൂ കര്‍ത്താവ് കല്‍പ്പിച്ചത്. ശിക്ഷിക്കാനല്ല. മൂപ്പനായ പത്രോസും ഉപദേഷ്ടാവായ പൌലോസും തമ്മില്‍ കൃപയും ന്യായപ്രമാണവും സംബന്ധിച്ചു അതി കഠിനമായ വാദപ്രതിവാദം ഉണ്ടായി. എന്നാല്‍ അവര്‍ പരസ്പരം മുടക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. മാനുഷിക വികാരങ്ങളില്‍ പരസ്പരം പ്രയാസം ഉണ്ടായി എങ്കിലും പിന്നീട് രണ്ടു പേരും നിരപ്പ് പ്രാപിച്ചു, പരസ്പരം അംഗീകരിക്കുന്നു. പൌലോസിന്റെ നിലപാടാണ് ശരി എന്നു ദൈവാത്മാവ് വ്യക്തമാക്കുകയും ചെയ്തു. അതിനു ഗലാത്യ ലേഖനം തിരുവെഴുത്തില്‍ നമുക്ക് നല്കിയിരിക്കുന്നു. ഇടയനായ പത്രോസ് ഇക്കാര്യം നന്നായി മനസിലാക്കി.

ശിക്ഷണത്തില്‍ ശിക്ഷയുണ്ടെങ്കിലും അത് ഒരു വ്യക്തിയെ ഇല്ലാതാക്കാനുള്ള ആയുധമായല്ല ഇരിക്കുന്നത്. മറിച്ച് ആ വ്യക്തിയിലെ തെറ്റ് തിരുത്തുക എന്നതാണ്. ശിക്ഷയ്ക്കുള്ള വടി ബാലന്റെ ഹൃദയത്തിലെ ഭോഷത്വം ഇല്ലാതാക്കുന്നു എന്നു നാം വായിക്കുന്നു. അതുപോലെ തന്നെയാണ് സഭയില്‍ ഒരു വിശ്വാസിയോ ശുശ്രൂഷകനോ തെറ്റ് ചെയ്താല്‍ സംഭവിക്കേണ്ടത്. വ്യക്തിപരമായി തെറ്റ് ബോധ്യപ്പെടുത്തുക, അംഗീകരിച്ചില്ലെങ്കില്‍ ശാസിക്കുക, എന്നിട്ടും വിധേയപ്പെടുന്നില്ലെങ്കില്‍ സഭയില്‍ പരസ്യമായി ശാസിക്കുക. അല്ലാതെ രഹസ്യത്തില്‍ മുടക്കുന്നതല്ല ആത്മീക പ്രമാണം.

ചുരുക്കത്തില്‍, ഒരു വ്യക്തിയെ തെറ്റിന്റെ പേരില്‍.സഭയ്ക്ക് പുറത്താക്കിയോ, കര്‍ത്തൃമേശ വിലക്കിയോ ശിക്ഷിക്കാനുള്ള അധികാരം കര്‍ത്താവ് സഭാ ശുശ്രൂഷകര്‍ക്ക് നല്‍കിയിട്ടില്ല. സുവിശേഷകന്റെയോ മൂപ്പന്‍റെയോ ശുശ്രൂഷ വിലക്കാനുള്ള അധികാരം സഭയ്ക്ക് നല്‍കിയതായി തിരുവെഴുത്തില്‍ നാം കാണുന്നില്ല. “ഒരുവന്‍ വല്ല തെറ്റിലും അകപ്പെട്ടാല്‍ ആത്മീകരായ ശുശ്രൂഷകര്‍ ആ വ്യക്തിയെ യഥാസ്ഥാനപ്പെടുത്തണം” എന്നതാണു വചന പ്രമാണം ( ഗലാ. 6:1). മറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ അത് അനാത്മീകരുടെ പ്രവര്‍ത്തിയാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു.

സഭാ ശുശ്രൂഷകര്‍ (സുവിശേഷകന്‍മാര്‍, മൂപ്പന്മാര്‍, ഉപദേഷ്ടാക്കന്‍മാര്‍) നല്ല ഗുരുക്കന്മാര്‍ ആയിരിക്കണം. അവർ വചന നിശ്ചയമുള്ളവരും ഉപദേശിപ്പാന്‍ പ്രാപ്തരും വിവേചന ശേഷിയുള്ളവരും അവരുടെ ജീവിതം സാക്ഷ്യമുള്ളതും ആയിരിക്കണം. ആ നിലയിലുള്ള വ്യക്തികള്‍ക്ക് മാത്രമേ ശരിയായ ശിക്ഷണം നല്കുവാന്‍ സാധിക്കൂ.

ശുശ്രൂഷകന്‍മാര്‍ അമ്മയുടെ ആര്‍ദ്രതയും (1 തെസ. 2:7) പിതാവിന്റെ സ്നേഹത്തോട് കൂടിയ ശിക്ഷണവും (1 കൊരി.4:15; 21) നടത്തുവാന്‍ പ്രാപ്തര്‍ ആയിരിക്കണം. ഇങ്ങനെയുള്ള ശുശ്രൂഷകന്‍മാര്‍ വിശ്വാസികളെ ബാലശിക്ഷ കഴിക്കണം. ബാലശിക്ഷ കൊല്ലുവാനല്ല നന്നാക്കുവാനാണ്. ഇതാണ് മൂപ്പന്മാരുടെ ഉത്തരവാദിത്വം. ഇന്ന് പലപ്പോഴും മൂപ്പന്മാര്‍ ചെയ്യുന്നത് ബാലശിക്ഷയല്ല. അന്ത്യ ന്യായവിധിയാണ്. അത് ദൈവീകമല്ല.

സഭയില്‍ നിന്നും വിശ്വാസികളെ ഏതെങ്കിലും കാരണം പറഞ്ഞു മുടക്കുവാനല്ല സംരക്ഷിക്കുവാനാണ്‍ ദൈവം സഭയില്‍ മൂപ്പന്മാരെ ആക്കിവെച്ചിരിക്കുന്നത് ( അ.പ്ര. 20:28). ഈ സത്യം ഇന്ന് പലര്‍ക്കും അറിയില്ല, അറിയാവുന്നവര്‍ പലരും സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇത് അവഗണിക്കുന്നു. അതിന്റെ ഭവിഷ്യത്ത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

[SC]